

- നിഘണ്ടുവിനെക്കുറിച്ച്
കേരളത്തിലെ ഭരണസംവിധാനം ഇപ്പോൾ മാറ്റത്തിന്‍റെ പാതയിലാണ്. ഇ-ഓഫീസ്, ഡി.സി സ്യൂട്ട്, ഇ-ഡിസ്ട്രിക്ട് തുടങ്ങി പേപ്പർരഹിത ഓഫീസ് സംവിധാനങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുന്നതിനാൽ ഭരണഭാഷ സംബന്ധിച്ച ഒരു ഓൺലൈൻ നിഘണ്ടു ഭരണരംഗത്ത് അനിവാര്യമാണ്.... തുടര്‍ന്ന് വായിക്കുക - ടൈപ്പിങ് ഉപകരണങ്ങള്‍
- പരിഭാഷയിലെ പടുകുഴികള്‍
- സംജ്ഞാ മലയാളീകരണം
- ഭരണഭാഷാ പ്രയോഗപദ്ധതി
- സഹായകഗ്രന്ഥങ്ങൾ
- പ്രധാനപ്പെട്ട ലിങ്കുകള്‍
- ഇ-ഓഫീസ്
- അഭിപ്രായങ്ങളും നിര്‍ദേശങ്ങളും
- ഉത്തരവുകൾ
നിഘണ്ടുവിനെക്കുറിച്ച്
കേരളത്തിലെ ഭരണസംവിധാനം ഇപ്പോൾ മാറ്റത്തിന്‍റെ പാതയിലാണ്. ഇ-ഓഫീസ്, ഡി.സി സ്യൂട്ട്, ഇ-ഡിസ്ട്രിക്ട് തുടങ്ങി പേപ്പർരഹിത ഓഫീസ് സംവിധാനങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുന്നതിനാൽ ഭരണഭാഷ സംബന്ധിച്ച ഒരു ഓൺലൈൻ നിഘണ്ടു ഭരണരംഗത്ത് അനിവാര്യമാണ്. അതിന്റെ സാക്ഷാത്‌കാരമാണ് 'ഭരണമലയാളം'. 1960-ൽ കേരളസർക്കാർ പ്രസിദ്ധീകരിച്ച 'ഭരണ ശബ്ദകോശ'ത്തിനു ശേഷമുള്ള സുപ്രധാന ചുവടുവെയ്പ്പാണിത്. മൊബൈൽ ഫോണുകളിലും ലഭ്യമാകുന്ന വിധത്തിലാണ് ഇത് രൂപപ്പെടുത്തിയിട്ടുള്ളത്.
ഔദ്യോഗികഭാഷ സംബന്ധിച്ച പദസ്വീകാരനയത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നിഘണ്ടു തയ്യാറാക്കിയിരിക്കുന്നത്. അന്യഭാഷാപദങ്ങൾക്ക് കൃത്യമായ മലയാളപദങ്ങളുണ്ടെങ്കിൽ ഭരണരംഗത്ത് അവ ഉപയോഗിക്കാവുന്നതാണ്. മലയാളലിപിയിൽ എഴുതിക്കാണിക്കാവുന്നതും സമകാലിക മലയാളത്തിൽ സുപരിചിതമായിക്കഴിഞ്ഞിട്ടുള്ളതുമായ അന്യഭാഷാപദങ്ങൾക്ക് കൃത്യമായ മലയാളപദമില്ലെങ്കിൽ അവയുടെ തത്സമ-തത്ഭവ രൂപങ്ങൾ ഉപയോഗിക്കാം. അതായത് under secretary, additional secretary തുടങ്ങിയ പദങ്ങൾ അണ്ടർ സെക്രട്ടറി, അഡിഷണൽ സെക്രട്ടറി എന്നിങ്ങനെ മലയാളലിപിയിൽ എഴുതിയാൽമതി എന്ന് സാരം.
കേരളത്തിലെ ഭരണഭാഷാവ്യാപനത്തിന് 'ഭരണമലയാളം' ഏറെ സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഈ നിഘണ്ടുവിൽ പിഴവുകളോ, ഇതിലുള്ളതിനെക്കാൾ മെച്ചപ്പെട്ട പദങ്ങളോ പ്രയോഗങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ അവ ഇതിലേക്കു ചേർത്ത് ഇതിന്റെ നിരന്തരപരിഷ്കരണത്തിൽ പങ്കാളികളാകണമെന്ന് ഏവരോടും അഭ്യർത്ഥിക്കുന്നു.
തെറ്റില്ലാത്ത ഭരണമലയാളം
ടൈപ്പിങ് ഉപകരണങ്ങള്‍
2.
Google എഴുത്ത് ഉപകരണങ്ങൾ വെബിൽ എവിടെയും നിങ്ങൾ തിരഞ്ഞെടുക്കുന്ന ഭാഷയിൽ ടൈപ്പുചെയ്യുന്നതിനെ സുഗമമാക്കുന്നു. അത് പരീക്ഷിച്ചുനോക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
പരിഭാഷയിലെ പടുകുഴികള്‍
ഭരണരംഗത്ത് പരിഭാഷയ്ക്ക് പ്രമുഖമായ സ്ഥാനമുണ്ട്. ഒരു വാക്കോ ഒരു പ്രയോഗമോ തെറ്റായ രീതിയിൽ പരിഭാഷപ്പെടുത്തിയാൽ ആ പദത്തിന്‍റെ അർഥത്തിനുപരിയായി ഒരു ഭാഗംതന്നെ തെറ്റായ രീതിയിൽ വ്യാഖ്യാനിക്കപ്പെടുന്നതിനുള്ള സാഹചര്യം, ഭാഷയുടെ മറ്റു മേഖലകളിലെന്നപോലെ ഭരണരംഗത്തുമുണ്ട്. വാക്യങ്ങളിലുണ്ടാകുന്ന ചെറിയ പിശകുകൾ അർഥതലത്തിലുണ്ടാക്കുന്ന വ്യതിയാനം വളരെ വലുതാണ്. ഭരണഭാഷയിലെ ഭാഷാപരവും പരിഭാഷാപരവും ഘടനാപരവും വസ്തുതാപരവുമായ പിശകുകൾ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും സർക്കാർ സേവനങ്ങൾ യഥാസമയം ലഭ്യമാക്കുന്നതിൽ തടസ്സം സൃഷ്ടിക്കുകയും ചെയ്യും. ചിലപ്പോൾ ഇത്തരം പിശകുകൾ വ്യവഹാരങ്ങൾക്കും കാരണമാകും. അതിനാൽ കൃത്യതയുള്ളതും ഒറ്റരീതിയിൽ മാത്രം വ്യാഖ്യാനിക്കപ്പെടുന്നതും ലളിതവുമായ ഭാഷയാണ് ഭരണരംഗത്തു വേണ്ടത്
- Made freely available
ഡോ. ആർ. ശിവകുമാർകോടതിഭാഷ മലയാളമാക്കുന്നതിനായി സർക്കാർ നിയോഗിച്ച ജസ്റ്റിസ് നരേന്ദ്രൻ കമ്മിറ്റി 1987-ൽ റിപ്പോർട്ട് സമർപ്പിച്ചു. പ്രസ്തുത റിപ്പോർട്ട് പരിശോധിച്ച ജഡ്ജസ് കമ്മിറ്റി മുന്നോട്ടുവച്ച നിർദേശങ്ങളിലൊന്ന് ഇതാണ്: 'The most important enactments connected with the administration of civil and criminal justice and all the Rules and notifications issued thereunder will have to be translated (if not already done) and printed compilations of the same made freely available for being used by courts, lawyers and others.' പ്രധാനപ്പെട്ട നിയമങ്ങൾ, ചട്ടങ്ങൾ, വിജ്ഞാപനങ്ങൾ എന്നിവ പരിഭാഷപ്പെടുത്തി അച്ചടിച്ച് കോടതികൾക്കും അഭിഭാഷകർക്കും മറ്റുള്ളവർക്കും സൗജന്യമായി വിതരണം ചെയ്യുക പ്രായോഗികമല്ലെന്ന്, ഈ നിർദേശം പരിഭാഷപ്പെടുത്തി ഫയലെഴുതിയ ഉദ്യോഗസ്ഥൻ സൂചിപ്പിച്ചു. പ്രധാനപ്പെട്ട നിയമങ്ങളും, ചട്ടങ്ങളും പരിഭാഷപ്പെടുത്തി അച്ചടിച്ച് കോടതികൾക്കും അഭിഭാഷകർക്കും സൗജന്യമായി വിതരണം ചെയ്യുന്നതു സംബന്ധിച്ച തീരുമാനത്തിനായി ബന്ധപ്പെട്ട ഫയൽ രണ്ടുവർഷം സെക്രട്ടേറിയറ്റിലെ വിവിധ വകുപ്പുകളിൽ കറങ്ങി നടന്നു. ഒടുവിൽ, 'made freely available' എന്നതുകൊണ്ടുദ്ദേശിക്കുന്നത് 'വിപണിയിൽ യഥേഷ്ടം ലഭ്യമാകണമെന്നാണ്,' അല്ലാതെ സൗജന്യമായി വിതരണം ചെയ്യണമെന്നല്ല എന്ന് ഒരു നിയമവകുപ്പ് സെക്രട്ടറി ഫയലിൽ കുറിച്ചപ്പോഴാണ് നിയമഗ്രന്ഥങ്ങൾ സൗജന്യമായി വിതരണം ചെയ്യുന്നതു സംബന്ധിച്ച ചിന്തയ്ക്ക് തിരശ്ശീല വീണത്.
- ഫോറിൻ മാവേലി, അഥവാ പരിഭാഷയിൽ ചോരുന്നത്
ഡോ.എഴുമറ്റൂർ രാജരാജവർമ്മ
ഒന്നാം ലോക മലയാളസമ്മേളനത്തോടനുബന്ധിച്ച് നമ്മുടെ ഭാഷയും സാഹിത്യവും സംസ്കാരവും വിദേശികള്‍ക്കു പരിചയപ്പെടുത്തിക്കൊടുക്കുവാൻ വേണ്ടി ഒരു സ്മരണിക പ്രസിദ്ധീകരിക്കുകയുണ്ടായി. അതിലൊരിടത്ത് 'മാവേലി നാടു വാണിടുംകാലം' എന്ന പ്രസിദ്ധമായ നാടൻപാട്ടിലെ ഏതാനും വരികള്‍ ഇംഗ്ലീഷിൽ പരിഭാഷപ്പെടുത്തി ചേർത്തിട്ടുണ്ട്. രണ്ടു വരികള്‍ ഇങ്ങനെയാണ്-
'weights and measures are all correct,
no one tries to cheat or corrupt'
മൂലം പിടികിട്ടിയിരിക്കുമോ എന്നു സംശയം, അതിങ്ങനെ -
'കള്ളപ്പറയും ചെറുനാഴിയും
കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല'
മാവേലിപ്പാട്ടിന്റെ സൗന്ദര്യമെവിടെ? നമ്മുടെ സംസ്കാരമെവിടെ? മാവേലി വിദേശത്തു പോയപ്പോള്‍ മൂടുമറന്ന മട്ടാണ്. അതുപോലെ, 'A Tale of a Crow' എന്ന പുസ്തകം 'ഒരു കാക്കയുടെ വാൽ' എന്ന പരിഭാഷയോടെ പുറത്തിറങ്ങി പ്രചാരം നേടുന്നതും പരിഭാഷയുടെ പ്രശ്നങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. പരിഭാഷയിൽ ചോരുന്നത് എന്താണോ അതാണ് കവിത എന്നു വിവരമുള്ളവർ പറയുന്നത് അതുകൊണ്ടാണല്ലോ.
'രണ്ടിടങ്ങഴി'യുടെ തർജ്ജമ ഹിന്ദിയിൽ ഉണ്ടായെങ്കിലും നമ്മുടെ ഭാഷ പിടിക്കുന്നില്ലെന്നാണു പരാതി എന്നും 'മലയാളത്തിൽനിന്ന് ഒരിന്ത്യൻ പരിഭാഷയിലേക്കോ വിദേശഭാഷയിലേക്കോ ഉള്ള തർജ്ജമ മാത്രം വിജയിക്കുന്നില്ല' എന്നും തകഴി ശിവശങ്കരപ്പിള്ള അടുത്തകാലത്ത് പ്രസ്താവിക്കുകയുണ്ടായി. മലയാളഭാഷയിലെ ഗ്രന്ഥങ്ങള്‍ മറ്റു ഭാഷകളിലേക്കു തർജ്ജമ ചെയ്യുന്നതിന് പ്രത്യേക സംവിധാനം ഉണ്ടാകണമെന്നും ആ പ്രസംഗത്തിൽ തകഴി അഭിപ്രായപ്പെട്ടു. മലയാളത്തിൽ വിവർത്തനത്തിനു മാത്രമായി ഒരു സംഘടന ഉണ്ടാവണമെന്നും അതു സാഹിത്യപരിഷത്തു തന്നെയായാൽ നന്നാണെന്നും വള്ളത്തോള്‍ പ്രസംഗിച്ചതായി വായിച്ചിട്ടുണ്ട്. വള്ളത്തോളിന് മുമ്പും തകഴിക്കു പിമ്പും പലരും ഇതേ കാര്യം ആവർത്തിച്ചിട്ടുണ്ടാവാം. അതു ശബ്ദം മാത്രമായി പരിലസിക്കുന്നു എന്നതാണ് സത്യം.
ആത്മാർത്ഥയില്ലാത്ത വാചകമേളകള്‍ ഭാഷാഭിമാനത്തിന്റെ പേരിൽ നാടെങ്ങും അരങ്ങു തകർക്കുന്നു. മേളകള്‍ കഴിഞ്ഞിറങ്ങി വന്ന് 'നാടോടുമ്പോള്‍ നടുവേ ഓടണം' എന്ന ഉള്‍വിളിയുമായി പെറ്റമ്മയെ പടിയിറക്കി നടയടച്ച് ധാത്രിമാരുടെ ദാസ്യവൃത്തിക്ക് പോകുന്ന ഭാഷാപമാനികള്‍ പെരുകുന്നു. അവർക്കറിയാവുന്നത് മലയാളത്തിന്റെ ആഴങ്ങളിൽ വേരുകളുള്ള സംസ്കാരമല്ല, മറിച്ച് ബാഹ്യപ്രകടനങ്ങളിൽ തിളങ്ങുന്ന പരിഷ്കാരഭ്രമങ്ങളാണ്. അപ്പോള്‍പ്പിന്നെ, ഞാൻ ആശയം തർജ്ജമ ചെയ്യും, ആശയം മുഴുവൻ തർജ്ജമ ചെയ്യും, ആശയമല്ലാതെ മറ്റൊന്നും തർജ്ജമ ചെയ്യില്ല, എന്ന് പ്രതിജ്ഞചെയ്ത് ആര് എങ്ങനെ ഭാഷാന്തരീകരണത്തിനിറങ്ങും? ദൈവം മടിക്കുന്നിടത്തേക്ക് ചെകുത്താൻമാർ ഓടിക്കയറുമെന്നാണല്ലോ!
[ഉൺമ മിനിമാസികയുടെ 1997-ലെ ഓണപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽനിന്ന്]
സംജ്ഞാ മലയാളീകരണം
മാർഗനിർദേശങ്ങൾ
1) ശീർഷകരൂപത്തിൽ വ്യക്തമായ നാമം, ക്രിയ, വിശേഷണം തുടങ്ങിയ
വ്യാകരണ സവിശേഷതകൾ മലയാളരൂപത്തിലും ആവതും നിലനിർത്തുക.
ഉദാ:-
cancel (ക്രിയ) - റദ്ദാക്കുക
cancellation (നാമം) - റദ്ദാക്കൽ
bogus (നാമവിശേഷണം ) - വ്യാജ- ('വ്യാജമായ' എന്നു വേണ്ട)
2) നിശ്ചിത ശീർഷകത്തിന് ശിപാർശ ചെയ്യുന്ന സമാനരൂപം പ്രത്യേക സാഹചര്യങ്ങളിലൊഴികെ എല്ലായിടത്തും ഒരേ തരത്തിലായിരിക്കാൻ ശ്രദ്ധിക്കുക.
ഉദാ:-
category - വിഭാഗം
category change - വിഭാഗമാറ്റം (തസ്തികമാറ്റമല്ല)
3) മലയാളിക്ക് സുപരിചിതമായിക്കഴിഞ്ഞിട്ടുള്ള ഇംഗ്ലീഷ് രൂപം മാനക മലയാളലിപിയിൽ എഴുതിയാൽ അത് എല്ലാത്തരത്തിലും സാധുവായ തത്സമംതന്നെ എന്നംഗീകരിക്കുക.
ഉദാ:- Employment Exchange - എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്
(തൊഴിൽ വിനിമയ കാര്യാലയം വേണ്ട; അത് സാധാരണക്കാർ ഉപയോഗിക്കാറില്ലല്ലോ. ആരും ഉപയോഗിക്കാത്ത ഒരു പ്രയോഗം മലയാളത്തിന്റെ സമ്പത്തു വർധിപ്പിക്കുകയില്ല.'എക്സ്ചെയ്ൻജ്'എന്ന അതിശുദ്ധി രൂപവും ആവശ്യമില്ല. ശുദ്ധമായ ഇംഗ്ലീഷുച്ചാരണം പ്രതിഫലിപ്പിക്കലല്ലല്ലോ ഭരണഭാഷാ മലയാളീകരണത്തിന്റെ ഉന്നം)
ഉദാ:-
Coaching class- കോച്ചിങ് ക്ലാസ്
(പരിശീലന ക്ലാസ്, കോച്ചിംഗ് ക്ലാസ് തുടങ്ങിയ രൂപങ്ങൾ വേണ്ട)
ഉദാ:-
Certificate - സർട്ടിഫിക്കറ്റ്, സാക്ഷ്യപത്രം
4) ഇംഗ്ലീഷിൽനിന്ന് ക്രിയാരൂപങ്ങൾ കടം വാങ്ങുമ്പോൾ
ഫോൺ ചെയ്യുക, സെൻഷർ ചെയ്യുക, സസ്‌പെൻഡ് ചെയ്യുക എന്നിങ്ങനെ '----ചെയ്യുക' ചേർത്ത് പ്രയോഗിക്കാവുന്ന മലയാളത്തിന്റെ രീതി പരമാവധി പ്രയോജനപ്പെടുത്തുക. പിന്താങ്ങുക, ചോദ്യം ചെയ്യുക, ത്വരിതപ്പെടുത്തുക തുടങ്ങിയ രൂപങ്ങൾ കൈവാക്കിനുള്ളപ്പോൾ സപ്പോർട്ടു ചെയ്യുക, ക്വസ്ററ്യൻ ചെയ്യുക, എക്സ്പെഡൈറ്റ് ചെയ്യുക എന്നും മറ്റും പ്രയോഗിക്കുകയുമരുത്. കടം വാങ്ങുന്നത് ആവശ്യത്തിനാകാം; ആവശ്യത്തിനേ ആകാവൂ.
5) മാനകലിപിയിൽ എഴുതിക്കാണിക്കാവുന്നതും സമകാലിക മലയാളത്തിൽ പ്രചരിച്ച് കഴിഞ്ഞിട്ടുള്ളവയുമായ രൂപങ്ങളിൽ മാത്രമാണ് ഇംഗ്ലീഷിൽനിന്ന് മലയാളത്തിൽ വന്നുചേരുന്ന തത്സമങ്ങളും തത്ഭവങ്ങളും.
ഉദാ:- ഓഫീസ്, സൂപ്രണ്ട്, ബാങ്ക്, ബുക്ക്, കോപ്പി, റോഡ്. ഇവയിലെ പല സ്വര-വ്യഞ്ജന ചിഹ്നങ്ങളും ശുദ്ധമായ ഇംഗ്ലീഷുച്ചാരണത്തെ പ്രതിഫലിപ്പിക്കുന്നില്ല. മൂലപദം ചുരുങ്ങിയിട്ടുമുണ്ട്.
6) ഇംഗ്ലീഷിൽ ദീർഘരൂപങ്ങൾക്ക് സാധാരണമായ ചുരുക്കരൂപങ്ങൾ മലയാളലിപിയിൽ എഴുതിയാൽ മതിയാകും.
ഉദാ:- No-Objection Certificate(NOC)- എൻ.ഒ.സി.
Non Liability Certificate(NLC)- എൻ.എൽ .സി.
Monthly Narrative Certificate(MNC)- എം.എൻ.സി.
7) സാങ്കേതിക സംജ്ഞാവലിയിലെ ഇംഗ്ലീഷു രൂപങ്ങളുടെ തുടക്കത്തിൽ വലിയ അക്ഷരം എന്തെങ്കിലും പ്രത്യേകാവശ്യം നിറവേറ്റുമ്പോൾ മാത്രമേ വേണ്ടൂ.
ഉദാ:-വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ പേര്- Employment Exchange
പ്രധാനപ്പെട്ട ലിങ്കുകള്‍
ഇ-ഓഫീസ്
ലോകത്തിലെ അതിവേഗം വളരുന്ന ഡിജിറ്റൽ സമൂഹങ്ങളിലൊന്നാണ് കേരളം. ഇ-സാക്ഷരതയിൽ വളരെമുന്നിലുള്ള നമ്മൾ, നവസാങ്കേതികവിദ്യയുടെ ഗുണം ജനങ്ങൾക്കു ലഭിക്കുന്നതിനായി വർഷങ്ങൾക്കുമുമ്പുതന്നെ കേരളത്തിൽ ഇ-ഗവേണൻസിനു തുടക്കമിട്ടു. ഇ-ഡിസ്ട്രിക്, ഇ-ഓഫീസ് തുടങ്ങിയവയിലൂടെ സർക്കാർ സംവിധാനത്തിലെ ഫയൽനടപടിവിവരം വളരെവേഗം ജനങ്ങൾക്ക് ലഭിക്കുന്നു. സെക്രട്ടേറിയറ്റിലെ ഫയൽനടപടിവിവരം ലഭിക്കാൻ ഇവിടെ തിരയുക. http://eoffice.kerala.gov.in/eFileCI/
അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും
ഈ നിഘണ്ടുവിനെക്കുറിച്ച് എന്തെങ്കിലും അഭിപ്രായമോ നിർദ്ദേശമോ ഉണ്ടെങ്കിൽ അത് ദയവായി അറിയിക്കുക. ഇതിൽ എന്തെങ്കിലും പിഴവുകളോ, ഇതിലുള്ളതിനെക്കാൾ മെച്ചപ്പെട്ട പദങ്ങളോ പ്രയോഗങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ അതും അറിയിക്കുക. അറിയിക്കേണ്ട വിലാസം:
ഡോ. ആർ. ശിവകുമാർ
ഭാഷാവിദഗ്ധൻ,
ഉദ്യോഗസ്ഥ-ഭരണപരിഷ്കാര (ഔദ്യോഗികഭാഷ) വകുപ്പ്,
സെക്രട്ടേറിയറ്റ്, തിരുവനന്തപുരം.
ഫോൺ: 04712518831
മൊബൈൽ: 8281472707
ഇ-മെയിൽ:bharanabhasha@gmail.com
ബന്ധപ്പെടേണ്ട വിലാസം
- സെക്രട്ടറി
ഉദ്യോഗസ്ഥ-ഭരണപരിഷ്കാര (ഔദ്യോഗികഭാഷ) വകുപ്പ്,
സെക്രട്ടേറിയറ്റ്, തിരുവനന്തപുരം
ഫോൺ: 04712518669 - അഡീഷണൽ സെക്രട്ടറി
ഉദ്യോഗസ്ഥ-ഭരണപരിഷ്കാര (ഔദ്യോഗികഭാഷ) വകുപ്പ്,
സെക്രട്ടേറിയറ്റ്, തിരുവനന്തപുരം
ഫോൺ: 04712518548 - ഡെപ്യൂട്ടി സെക്രട്ടറി
ഉദ്യോഗസ്ഥ-ഭരണപരിഷ്കാര (ഔദ്യോഗികഭാഷ) വകുപ്പ്,
സെക്രട്ടേറിയറ്റ്, തിരുവനന്തപുരം
ഫോൺ: 04712518563 - ഭാഷാവിദഗ്ധൻ
ഉദ്യോഗസ്ഥ-ഭരണപരിഷ്കാര (ഔദ്യോഗികഭാഷ) വകുപ്പ്,
സെക്രട്ടേറിയറ്റ്, തിരുവനന്തപുരം
ഫോൺ: 04712518831 - ഔദ്യോഗികഭാഷാ വിഭാഗം
ഫോൺ: 04712518792
bharanabhasha@gmail.com